ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ഒരുങ്ങി ബിസിസിഐ

മുംബൈ : രാജ്യത്തെ ആഭ്യന്തര ടൂർണമെന്‍റുകൾക്കുള്ള, സമ്മാനത്തുക വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . അടുത്ത അഞ്ച് വർഷത്തേക്ക് ഐപിഎൽ സംപ്രേക്ഷണം ചെയ്യുന്നതിനായി 48,390 കോടി രൂപയാണ് ബിസിസിഐയ്ക്ക് ലഭിച്ചത്. ഇത്രയും വലിയ തുക കൈപ്പറ്റിയ ശേഷമാണ് ആഭ്യന്തര ടൂർണമെന്‍റുകൾക്കുള്ള സമ്മാനത്തുക വർദ്ധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്.

ലിസ്റ്റ് എ ടൂർണമെന്‍റായ ദിയോധർ ട്രോഫി ആഭ്യന്തര മത്സരങ്ങളിൽ നിന്ന് ഒഴിവാക്കാനും ബിസിസിഐ യോഗം തീരുമാനിച്ചു. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തെ പല ആഭ്യന്തര ടൂർണമെന്‍റുകളും മുടങ്ങിയിരുന്നു. എന്നാൽ പുതിയ സീസണിൽ ദുലീപ് ട്രോഫിയും ഇറാനി കപ്പും ഉൾപ്പെടെ എല്ലാ ആഭ്യന്തര ടൂർണമെന്‍റുകളും നടത്താനാണ് തീരുമാനം. രഞ്ജി ട്രോഫിയിൽ ഡിആർഎസ് ഏർപ്പെടുത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഈ വർഷത്തെ ഏഷ്യാ കപ്പ് യുഎഇയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അറിയിച്ചു. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് യുഎഇയിലേക്ക് മാറ്റിയത്. ബംഗ്ലാദേശിനെ ബാക്കപ്പ് വേദിയായും പരിഗണിച്ചിരുന്നെങ്കിലും യുഎഇയിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗത്തിന് ശേഷമാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്.