ഇ പി ജയരാജനെതിരെ കേസെടുക്കാൻ തയ്യാറാകണമെന്ന് കെ എസ് ശബരിനാഥൻ
തിരുവനന്തപുരം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് മുൻ എംഎൽഎ കെ.എസ് ശബരിനാഥൻ. ഇ പി ജയരാജനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. പ്രവർത്തകർ പരസ്പരം സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും കെ.എസ് ശബരിനാഥൻ ചോദിച്ചു. വാട്ട്സ്ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാളെ പൊലീസിന് മുന്നിൽ വ്യക്തമാകും. വാട്സാപ്പ് സന്ദേശം തള്ളിക്കളയാതെയായിരുന്നു മുൻ എം.എൽ.എയുടെ പ്രതികരണം.
അതേസമയം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കെഎസ് ശബരിനാഥനെ പൊലീസ് നാളെ ചോദ്യം ചെയ്യും. നാളെ രാവിലെ 11ന് ശംഖുമുഖം അസി. കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കെ.എസ്. ശബരിനാഥനാണ് സമരത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണം. വധശ്രമത്തിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യൽ.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരിനാഥൻ നിർദ്ദേശിച്ചതിന്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പോലീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതേതുടർന്ന് ശബരിയെ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് വാങ്ങിയ നേതാക്കളെ കേന്ദ്രീകരിച്ചും കണ്ണൂരിൽ അന്വേഷണം നടക്കുന്നുണ്ട്.