തെങ്കാശിക്ക് സമീപം കരടി ആക്രമണം; 3 പേരുടെ നില ഗുരുതരം
തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശി കടയത്തിന് സമീപം കരടിയുടെ ആക്രമണത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സുഗന്ധവ്യഞ്ജന വ്യാപാരി വൈകുണ്ഠമണി (55), നാഗേന്ദ്രൻ (64), സൈലപ്പൻ (54) എന്നിവരെയാണ് കരടി ആക്രമിച്ചത്.
ഞായറാഴ്ച രാവിലെ പശ്ചിമഘട്ടത്തോട് ചേർന്നുള്ള കടയം കടനാ അണക്കെട്ട് പെത്താൻപിള്ള-കുടിയിരിപ്പ് റോഡിൽ ഇരുചക്ര വാഹനത്തിൽ മസാലസാധനങ്ങൾ വിൽക്കാൻ പോയ വൈകുണ്ഠമണിക്ക് മുന്നിൽ കരടി ചാടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നാഗേന്ദ്രൻ, സൈലപ്പൻ എന്നിവർക്കും പരിക്കേറ്റത്. കരടി കൂടുതലും അവരുടെ മുഖത്താണ് ആക്രമണം നടത്തിയത്. ചുറ്റും കൂടിയവർ ഓടിക്കാൻ ശ്രമിച്ചിട്ടും കരടി പിൻമാറിയില്ല.
നീണ്ട പരിശ്രമത്തിനൊടുവിൽ കരടി മാറിയ ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. മൂവരെയും ആദ്യം അമ്പാസമുദ്രത്തിലും പിന്നീട് തിരുനെൽവേലി സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.