കൺസെഷന്റെ പേരിൽ മർദനം; കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ കൺസെഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49), ഡിപ്പോയിലെ വർക്ക് ഷോപ്പ് ജീവനക്കാരായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

സംഭവത്തിന്‍റെ വീഡിയോയിലെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കായി ശബ്ദവും ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാമ്പിളുകൾ പ്രതികളിൽ നിന്ന് ശേഖരിക്കണം. ഇതിന് പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ ഹാജരായി.

സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലയിൻകീഴ് മാധവകവി ഗവൺമെന്‍റ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ മകൾ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് വാങ്ങാനെത്തിയതായിരുന്നു പൂവച്ചാൽ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനൻ (53). രേഷ്മയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇളവ് ലഭിക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കൗണ്ടറിൽ ഇരുന്ന ജീവനക്കാരൻ പറഞ്ഞു. 3 മാസം മുൻപ് കാർഡ് എടുത്തപ്പോൾ സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പ്രേമനൻ വിശദീകരിച്ചു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പ്രേമനനെ വളഞ്ഞിട്ടു മർദിക്കുകയുമായിരുന്നു.