ബംഗാൾ സംഘർഷത്തിൽ കർശന നടപടിയെടുക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: കഴിഞ്ഞ ദിവസം ബംഗാളിലെ ഹൗറ പഞ്ച്ല ബസാറിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ചില രാഷ്ട്രീയ പാർട്ടികളാണ് അക്രമത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധക്കാർ പലയിടത്തും റോഡ് ഉപരോധിച്ചു.

“ഞാനും ഇതു മുൻപ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഹൗറയിലെ ദൈനംദിന ജീവിതത്തെ അക്രമ സംഭവങ്ങൾ ബാധിച്ചിട്ടുണ്ട്. ചില രാഷ്ട്രീയ പാർട്ടികൾ ഇതിന് പിന്നിലുണ്ട്, അവർ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു. കലാപങ്ങൾ വച്ചുപൊറുപ്പിക്കില്ല, കർശന നടപടി സ്വീകരിക്കും, ബിജെപി പാപങ്ങൾ ചെയ്യും, ജനങ്ങൾ കഷ്ടപ്പെടും” എന്ന് മമത ട്വീറ്റ് ചെയ്തു. ഹൗറയിൽ നടന്ന അക്രമത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. കല്ലെറിയുന്നതിനിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. കല്ലേറിൽ സമീപത്തെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു.

ദേശീയപാതയിലെ ഉപരോധം നീക്കാൻ ശ്രമിച്ചതിനെ തുടർന്ന് ധൂലഗഡ്, പഞ്ച്ല, ഉലുബെരിയ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ പോലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് ഉലുബീരിയ സബ് ഡിവിഷനിൽ ഏർപ്പെടുത്തിയ സിആർപിസി സെക്ഷൻ 144 ജൂൺ 15 വരെ നീട്ടി. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുതൽ 70 പേരെ ഹൗറ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി എംപിയും പശ്ചിമ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റുമായ സൗമിത്ര ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.