ദോശമാവ് വീട്ടിലെത്തിക്കാൻ ആകര്‍ഷകമായ പദ്ധതിയുമായി ബെംഗളൂരു തപാല്‍ വകുപ്പ്

കർണാടക: നിരവധി പരീക്ഷണങ്ങളിലൂടെ മറ്റെല്ലാ മേഖലകളെയും പോലെ തപാൽ വകുപ്പും ഉപഭോക്തൃ സൗഹൃദമായി മാറുകയാണ്. പരമ്പരാഗത ബിസിനസ് സംരംഭങ്ങളിലേക്ക് നീങ്ങുന്ന തപാൽ വകുപ്പ് ഇത്തവണ ദോശ മാവ് ലക്ഷ്യമിടുന്നു. ഇഡ്ഡലിയും ദോശ മാവും പടിവാതിൽക്കൽ എത്തുന്ന പദ്ധതിയാണ് ബെംഗളൂരു തപാൽ വകുപ്പ് അവതരിപ്പിക്കുന്നത്.

വരുമാനം മെച്ചപ്പെടുത്തുന്നതിനായി കർണ്ണാടക മുഴുവനും മറ്റ് സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തപാൽ വകുപ്പ് ലക്ഷ്യമിടുന്നത്. നിലവിൽ ഹാലിമാൻ ഗ്രൂപ്പിന്‍റെ ഉൽപ്പന്നങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ സെറ്റ് ഉൽപ്പന്നങ്ങൾ തിങ്കളാഴ്ച വിറ്റതായി കർണാടക സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ എസ് രാജേന്ദ്ര കുമാർ പറഞ്ഞു. ആദ്യ ദിവസം 22ഓളം പാഴ്സൽ ദോശ മാവ് ആളുകൾ ബുക്ക് ചെയ്തു.

പദ്ധതി ജനപ്രിയമായാൽ, വലിയ ഓർഡറുകൾ സ്വീകരിക്കുകയും ബിസിനസ്സ് വിപുലീകരിക്കുകയും ചെയ്യും. തപാൽ വകുപ്പിന് ഇത് ആകർഷകമായ ഒരു ബിസിനസ് അവസരമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പോസ്റ്റ്മാൻമാരാണ് ഡെലിവറി നടത്തുന്നതെങ്കിലും ഇതിനായി പ്രത്യേക ജീവനക്കാരെ നിയോഗിക്കും. അതേസമയം, മറ്റ് ഫുഡ് ഡെലിവറി ആപ്പുകളുമായി മത്സരിക്കില്ലെന്ന് തപാൽ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. റെഡിമെയ്ഡ് ഭക്ഷണത്തിന് പകരം പാചക ഭക്ഷ്യ ഉൽപ്പന്നങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്.