കൊടും തണുപ്പിൽ വിറച്ച് ബെംഗളൂരു; 14 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ്

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തിൽ കൊടും തണുപ്പ്. കഴിഞ്ഞയാഴ്ച വരെ നഗരത്തിൽ കനത്ത മഴയുണ്ടായിരുന്നു. മഴ ശമിച്ചതോടെ നഗരം കൊടും തണുപ്പിലേക്ക് നീങ്ങി. തീരപ്രദേശങ്ങൾ, വടക്കൻ ഉൾപ്രദേശങ്ങൾ, തെക്കൻ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം താപനിലയിൽ വലിയ ഇടിവ് അനുഭവപ്പെട്ടു. 14 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. സമീപ ജില്ലകളിലും സാധാരണ താപനിലയേക്കാൾ താഴെയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം 15.4 ഡിഗ്രി സെൽഷ്യസാണ് ബെംഗളൂരു നഗരത്തിൽ രേഖപ്പെടുത്തിയത്. ഇത് സാധാരണയിൽ നിന്ന് 4 ഡിഗ്രി സെൽഷ്യസ് കുറവാണ്. അടുത്ത 3-4 ദിവസത്തേക്ക് നഗരത്തിൽ അതിശൈത്യം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. സംസ്ഥാനത്തെ പല ജില്ലകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. 

അതേസമയം ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ തുടങ്ങിയ തീരദേശ ജില്ലകളിലും തെക്കൻ ഉൾനാടൻ ജില്ലകളായ മാണ്ഡ്യ, കുടക്, മൈസൂർ എന്നിവിടങ്ങളിലും താപനിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 73 ശതമാനം പ്രദേശങ്ങളിലും 12 ഡിഗ്രി സെൽഷ്യസിനും 16 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 15.4 ഡിഗ്രി സെൽഷ്യസാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒക്ടോബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.