Latestസ്‌പോര്‍ട്‌സ്‌

പ്രൈം വോളിബോൾ ലീഗ്; കിരീടം സ്വന്തമാക്കി ബെംഗളൂരു ടോർപ്പിഡോസ്

ഹൈദരാബാദ്: ആർ.ആർ. കാബെൽ പ്രൈം വോളിബോൾ ലീഗ് നാലാം സീസൺ കിരീടം ബെംഗളൂരു ടോർപ്പിഡോസിന്. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മുംബൈ മിറ്റിയോഴ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ബെംഗളൂരുവിന്റെ കന്നിക്കിരിടം. സ്‌കോർ: 15-13, 16-4, 15-13. ലീഗ്ഘട്ടത്തിൽ മുംബൈയോട് തോറ്റ് രണ്ടാം സ്ഥാനക്കാരാവേണ്ടി വന്ന ബെംഗളൂരിന് ഫൈനൽ വിജയം മധുരപ്രതികാരം കൂടിയായി. രണ്ടാം സെറ്റിൽ നാലു പോയിന്റുകൾ മാത്രമാണ് മുംബൈക്ക് നേടാനായത്. മൂന്നാം സെറ്റിൽ സ്‌കോർ 14-13 വരെയെത്തിച്ചെങ്കിലും ഡേവിഡ് ലീയുടെ സംഘത്തെ തടയാനായില്ല. 2023 ഫൈനലിൽ ബെംഗളൂരു അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനോട് തോറ്റിരുന്നു. അന്നും ഡേവിഡ് ലീ തന്നെയായിരുന്നു ടോർപ്പിഡോസിന്റെ പരിശീലകൻ.

ആദ്യ സെറ്റിൽ ഇരുടീമുകളും ജാഗ്രതയോടെ കളിച്ചു. പീറ്റർ ഓസ്റ്റ്വിക് ജോയൽ ബെഞ്ചമിനെ ബ്ലോക്ക് ചെയ്തപ്പോൾ, ശുഭം ചൗധരിയുടെ ഷോട്ട് ബ്ലോക്ക് ചെയ്തുകൊണ്ട് ജിഷ്ണു ബെംഗളൂരുവിനായി ശക്തമായി തിരിച്ചടിച്ചു. സേതുവിന്റെ സെർവീസ് ബെംഗളൂരുവിന് നേരിയ മുൻതൂക്കം നൽകി, ഇത് മിറ്റിയോഴ്‌സിനെ സൂപ്പർ പോയിന്റിന് വിളിക്കാൻ നിർബന്ധിതരാക്കി. മുംബൈ ശക്തമായി പൊരുതിയെങ്കിലും, ബെംഗളൂരു ക്യാപ്റ്റനും സെറ്ററുമായ മാറ്റ് വെസ്റ്റിന്റെ കൃത്യതയാർന്ന പന്തെത്തിക്കൽ ടോർപ്പിഡോസിനെ ആദ്യ സെറ്റ് നേടാൻ സഹായിച്ചു.

ബെംഗളൂരിന്റെ സർവാധിപത്യമായിരുന്നു രണ്ടാം സെറ്റിൽ. സേതുവിന്റെ സൂപ്പർ സെർവിലൂടെയാണ് ബെംഗളൂരു തുടങ്ങിയത്. മുംബൈയുടെ ഭാഗത്തുനിന്നുണ്ടായ തുടർച്ചയായ പിഴവുകൾ ബെംഗളൂരുവിന്റെ സ്‌കോറിങ് വേഗത്തിലാക്കി. മുംബൈക്കായി ഓം ലാഡ് വസന്ത് അറ്റാക്കർമാർക്ക് കൃത്യമായി പന്തെത്തിച്ചു, എന്നാൽ ശുഭവും ക്യാപ്റ്റൻ അമിത് ഗുലിയയും പന്തുകൾ ദൂരത്തേക്ക് അടിച്ച് പാഴാക്കി. ജോയലിന്റെ സ്ഥിരതയാർന്ന ആക്രമണങ്ങൾ മുംബൈയെ കൂടുതൽ പ്രതിരോധത്തിലാക്കുകയും ചെയ്തു. ജോയലിന്റെ സൂപ്പർ സെർവിലൂടെ ടോർപ്പിഡോസ് രണ്ട് സെറ്റിന്റെ ലീഡുറപ്പിച്ചു. മൂന്നാം സെറ്റിൽ, ജാലെൻ പെന്റോസ് ശക്തമായ സ്‌പൈക്കുകൾ ഉതിർത്തതോടെ ടോർപ്പിഡോസ് മുന്നേറ്റം തുടർന്നു. ശുഭം കൗണ്ടർഅറ്റാക്കിന് നേതൃത്വം നൽകിയെങ്കിലും മുംബൈയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല. സൂപ്പർപോയിന്റും മുംബൈയെ തുണച്ചില്ല, നിഖിലിന്റെ സർവീസ് പിഴവിലൂടെ ബെംഗളൂരു ജയവും കിരീടവും ഉറപ്പിച്ചു.