മികച്ച ബിസിനസ് അന്തരീക്ഷം; ഇന്ത്യയിൽ പ്രതീക്ഷ വെച്ച് ബഹുരാഷ്ട്ര കമ്പനികള്‍
ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടെന്ന് ബഹുരാഷ്ട്ര കമ്പനികളുടെ സർവേ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), കൺസൾട്ടൻസി സ്ഥാപനമായ ഇവൈ എന്നിവ സംയുക്തമായി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും ജിഎസ്ടിയെ അനുകൂലിച്ചു.
ഡിജിറ്റൽ മേഖലയ്ക്ക് നൽകിയ ശ്രദ്ധ, നികുതി രംഗത്തും
മറ്റ് മേഖലകളിലും ഉണ്ടായ മാറ്റങ്ങൾ എന്നിവ ബിസിനസ്സ് അന്തരീക്ഷത്തിലെ പുരോഗതിക്ക് കാരണമായതായി കമ്പനികൾ പറഞ്ഞു. അടുത്ത 3-4 വർഷത്തിനുള്ളിൽ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, ഉയർന്ന ഉപഭോഗം, സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും കമ്പനികൾ പറഞ്ഞു.
ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യയുടെ സാധ്യതകൾ ബഹുരാഷ്ട്ര കമ്പനികൾ തള്ളിക്കളയുന്നില്ല. ആഗോള വിപണി വികസനത്തിൽ ഇന്ത്യയ്ക്ക് പ്രധാന്യം നൽകുന്നവയാണ് 71 ശതമാനം കമ്പനികളും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ നിക്ഷേപം 475 ബില്യൺ ഡോളറിലെത്തുമെന്നാണ് സർവേ ഫലം. അതേസമയം, ഏകജാലക സംവിധാനത്തിലൂടെ അംഗീകാരങ്ങൾ വേഗത്തിലാക്കേണ്ടതിന്‍റെയും മാനേജ്മെന്‍റ് സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്‍റെയും ആവശ്യകതയും കമ്പനികൾ ഉയർത്തിക്കാട്ടി. 2021-22 സാമ്പത്തിക വർഷത്തിൽ 84.8 ബില്യൺ ഡോളറിന്‍റെ നേരിട്ടുള്ള വിദേശനിക്ഷേപമാണ് (എഫ്ഡിഐ) രാജ്യത്തേക്ക് വന്നത്.