പഴയ വാഹനങ്ങൾക്കും ബി.എച്ച് രജിസ്‌ട്രേഷൻ; ഭാരത് രജിസ്‌ട്രേഷന്‍ ലളിതമാക്കി കേന്ദ്രം

ഡൽഹി: ഭാരത് വാഹന രജിസ്ട്രേഷന്‍(ബിഎച്ച്) പ്രക്രിയ ലളിതമാക്കി കേന്ദ്ര സർക്കാർ. പഴയ വാഹനങ്ങൾക്ക് ബി.എച്ച് രജിസ്ട്രേഷൻ നടത്താനും നിലവിലുള്ളവയുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനുമുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. നികുതി നഷ്ടം ഭയന്ന് സംസ്ഥാന സർക്കാരുകൾ എതിർപ്പുകൾ ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ നീക്കം.

ബിഎച്ച് രജിസ്ട്രേഷന് അർഹതയുള്ളവർക്ക് അവരുടെ പഴയ വാഹനങ്ങൾ ബിഎച്ച് ലേക്ക് മാറ്റാൻ സാധിക്കും. താമസസ്ഥലത്തോ ജോലിസ്ഥലത്തോ രജിസ്ട്രേഷൻ മാറ്റത്തിനായി നിങ്ങൾക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അന്യ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജീവനക്കാർ, സൈനികർ തുടങ്ങി രജിസ്ട്രേഷന് അർഹതയുള്ള എല്ലാവർക്കും ഈ സൗകര്യം ഉപയോഗിക്കാം.

നിലവിൽ പുതിയ വാഹനങ്ങൾക്ക് മാത്രമാണ് ബി.എച്ച് രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. ഒന്നിലധികം സംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവർക്ക് വ്യത്യസ്ത രജിസ്ട്രേഷനുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ബി.എച്ച്. രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചത്. 15 സംസ്ഥാനങ്ങളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.