നരബലി നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാനെന്ന് ഭഗവൽ സിംഗും ലൈലയും
കൊച്ചി: നരബലി നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയെന്ന് അറസ്റ്റിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകളുണ്ടെന്നും നരബലി നടത്തിയാൽ അഭിവൃദ്ധിയുണ്ടാകുമെന്ന് മുഹമ്മദ് ഷാഫി തങ്ങളെ വിശ്വസിപ്പിച്ചുവെന്നും ഭഗവൽ സിംഗും ഭാര്യ ലൈലയും പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ കടബാധ്യതയെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ പണം എന്തിന് വേണ്ടിയാണ് ചെലവഴിച്ചതെന്നും പരിശോധിക്കും.
അതേസമയം പ്രതികളെ നാളെ കൊച്ചി കോടതിയിൽ ഹാജരാക്കുമെന്ന് ഡിഐജി നിശാന്തിനി പറഞ്ഞു. ഭഗവൽ സിംഗിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. നരബലിയുടെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഡിഐജി നിശാന്തിനി കൂട്ടിച്ചേർത്തു. മൂന്നുപേർക്കും കൊലപാതകത്തിൽ പങ്കുണ്ട്. പ്രതികൾ രണ്ട് മൃതദേഹങ്ങൾ നാല് കുഴികളിലായാണ് കുഴിച്ചുമൂടിയത്. പ്രതികളുമായുള്ള തെളിവെടുപ്പ് നാളെയും തുടരും. വീടിനുള്ളിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഫോറൻസിക് പരിശോധന നടത്തുമെന്നും കൂടുതൽ തെളിവുകൾ കണ്ടെത്താൻ വീട് കേന്ദ്രീകരിച്ചുള്ള തിരച്ചിൽ തുടരുമെന്നും ഡിഐജി പറഞ്ഞു.
പത്തനംതിട്ട ഇലന്തൂരിലാണ് ഇരട്ട മനുഷ്യബലി നടന്നത്. കൊച്ചി ഗാന്ധി നഗറിലെ വാടകവീട്ടിൽ താമസിക്കുന്ന മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരൻ. മുഹമ്മദ് ഷാഫിയാണ് ദമ്പതികളെ മനുഷ്യബലി നടത്താൻ ഉപദേശിച്ചതും സ്ത്രീകളെ സംഭവസ്ഥലത്ത് എത്തിച്ചതും. വ്യാജ സിദ്ധനായ റഷീദാണ് മനുഷ്യബലിയുടെ ആസൂത്രണത്തിനും നടത്തിപ്പിനും പിന്നിലെ ബുദ്ധികേന്ദ്രം. ഷാഫിയുടെ ഉപദേശം കേട്ട് നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി ഇടപാടുകാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്റെ വീട്ടിൽ വച്ച് മൂവരും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്.