ഭാരത് ജോഡോ യാത്രാ പിരിവിനിടെ വ്യാപാരിയെ ആക്രമിച്ചു; നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി
കൊല്ലം: പിരിവ് നൽകാത്തതിന്‍റെ പേരിൽ കൊല്ലത്ത് വ്യാപാരിയെ ആക്രമിച്ച നേതാക്കൾക്കെതിരെ കോൺഗ്രസ് നടപടിയെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെയാണ് കോൺഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തത്. ഇത്തരം നടപടികൾ കോൺഗ്രസിൽ സ്വീകാര്യമല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കുള്ള ഫണ്ട് ശേഖരണത്തിനിടെയായിരുന്നു സംഭവം. കുന്നിക്കോട്ടെ പച്ചക്കറിക്കച്ചവടക്കാരനായ അനസിന്‍റെ സംഭാവന കുറവാണെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ ആക്രമിച്ചത്.
കോൺഗ്രസ് നേതാക്കൾ 2,000 രൂപയുടെ രസീത് എഴുതി നൽകി. 500 രൂപ മാത്രമേ നൽകാനാകൂ എന്ന് പറഞ്ഞപ്പോൾ ദേഷ്യപ്പെട്ട് സാധനങ്ങൾ വലിച്ചെറിയുകയായിരുന്നുവെന്ന് അനസ് പറഞ്ഞു.