ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത്; കോവിഡ് ആശങ്ക ഉയര്‍ത്തി കേന്ദ്രം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത് പ്രവേശിച്ചു. ശനിയാഴ്ച പുലർച്ചെ ഫരീദാബാദ് അതിർത്തിയിൽ രാഹുലിനെയും അനുയായികളെയും ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി സ്വീകരിച്ചു.
മുതിർന്ന നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽ ഹാസൻ, രക്തസാക്ഷി ഭഗത് സിംഗിന്‍റെ മരുമകൻ മേജർ ജനറൽ ഷിയോറ സിംഗ്, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങൾ, പ്രതിപക്ഷ എംപിമാർ എന്നിവരുൾപ്പെടെ അരലക്ഷത്തോളം പേർ രാഹുലിനെ അനുഗമിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് വകഭേദം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ യാത്ര നിർത്തിവയ്ക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് തലസ്ഥാന നഗരിയിലേക്കുള്ള യാത്രയുടെ പ്രവേശനം. രാജ്യതാൽപര്യവും ജനങ്ങളുടെ ആരോഗ്യവും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.