വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുന്നു ഭാരത് ജോഡോ യാത്ര: രാഹുൽ ഗാന്ധി
ആൽവാർ: വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹത്തിന്‍റെ സന്ദേശമുയർത്തി രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്ന് രാജസ്ഥാനിലെ അൽവാറിൽ പൊതുപരിപാടിയിൽ സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു.
സാധാരണക്കാരെ കേൾക്കാനും അവരുടെ പ്രശ്നങ്ങളുമായി കൂടുതൽ അടുക്കാനും മാസത്തിൽ ഒരിക്കലെങ്കിലും സംസ്ഥാനത്തിലൂടെ യാത്ര ചെയ്യണമെന്ന് അദ്ദേഹം രാജസ്ഥാൻ മന്ത്രിസഭാംഗങ്ങളോടു അഭ്യർത്ഥിച്ചു. ബി.ജെ.പി നേതാക്കൾ തന്നെ അപമാനിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
“എനിക്ക് ബിജെപി പ്രവർത്തകരോട് വെറുപ്പില്ല. കാരണം. ഞാൻ എന്‍റെ പ്രത്യയശാസ്ത്രത്തിൽ നിലകൊള്ളുന്നു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവർ ചോദിക്കുന്നു. കന്യാകുമാരി മുതൽ കശ്മീരിലേക്ക് ഞാൻ എന്തിനാണ് നടക്കുന്നതെന്ന് അവരുടെ നേതാക്കൾ ചോദിക്കുന്നു. എന്‍റെ ഉത്തരം ഇതാണ് – വെറുപ്പിന്‍റെ വിപണിയിൽ ഞാൻ സ്നേഹത്തിന്‍റെ കട തുറക്കുകയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.