ഭാരത് ജോഡോ യാത്രക്ക് താത്കാലിക ഇടവേള; 27 ന് പുനരാരംഭിക്കും

ഡൽഹി: ദീപാവലി പ്രമാണിച്ച് ഭാരത് ജോഡോ യാത്രക്ക് താൽക്കാലിക ഇടവേള. 26ന് മല്ലികാർജുൻ ഖാർഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 27ന് തെലങ്കാനയിൽ നിന്ന് യാത്ര പുനരാരംഭിക്കുമെന്ന് ജയറാം രമേശ് പറഞ്ഞു. നിയുക്ത പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ഗാന്ധി കുടുംബവുമായി നാളെ ചർച്ച നടത്തിയേക്കും.

കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ 12 ശതമാനത്തോളം വോട്ട് നേടിയ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താൻ നേതൃത്വത്തിന് മേൽ കടുത്ത സമ്മർദ്ദമുണ്ട്. പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ യോഗ്യനാണെന്ന സന്ദേശവും തരൂർ ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്. തരൂരിനെ കണക്കിലെടുക്കാതെ മുന്നോട്ട് പോയാൽ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറികളെക്കുറിച്ച് നേതൃത്വത്തിന് ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മണിശങ്കർ അയ്യർ ഉൾപ്പെടെയുള്ള ചില മുതിർന്ന നേതാക്കൾ തരൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ദീപാവലിയും മല്ലികാർജുൻ ഖാർഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി മൂന്ന് ദിവസം ഡൽഹിയിലുണ്ടാകും. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി തരൂരിനെ വിളിച്ചുവരുത്തി ചർച്ച നടത്തിയത് ശുഭസൂചനയായാണ് കാണുന്നത്. പ്രവർത്തക സമിതി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിടാനാണ് ഖാർഗെയുടെ നീക്കം. എന്നാൽ ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താൻ അശോക് ഗെഹ്ലോട്ട്, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് താൽപര്യമില്ല.