കർണാടകയിൽ ശക്തി പ്രകടിപ്പിച്ച് ഭാരത് ജോഡോ യാത്ര
കർണാടക : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ‘ഭാരത് ജോഡോ യാത്ര’ ശക്തിപ്രകടനമാക്കി മാറ്റി കോൺഗ്രസ്. സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേരിൽ ഭിന്നിച്ച് നില്‍ക്കുന്ന നേതൃത്വം ജോഡോ യാത്രയോടെ ഒരുമിക്കുമെന്നാണ് ഹൈക്കമാൻഡിന്‍റെ പ്രതീക്ഷ.
ഗാന്ധിജയന്തി ദിനത്തിൽ കനത്ത മഴയെ അവഗണിച്ച് പ്രസംഗിക്കുന്ന രാഹുലിനെയാണ് മൈസൂരിൽ കണ്ടത്. ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ രൂക്ഷവിമർശനമാണ് രാഹുൽ പ്രസംഗത്തിൽ ഉയർത്തിയത്. കേരളത്തിൽ ജോഡോ യാത്ര കടുത്ത രാഷ്ട്രീയ വിമർശനം ഒഴിവാക്കിയപ്പോൾ, കർണാടകയിൽ ബിജെപിയെ കടന്നാക്രമിച്ചാണ് പൊതുസമ്മേളനങ്ങള്‍.
കമ്മീഷന്‍ അഴിമതിയും രാഷ്ട്രീയ നിയമനങ്ങളും ഉയർത്തിക്കാട്ടി പദയാത്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയുമായി മാറി. നെയ്ത്തുകാരെയും കർഷകരെയും കാണുന്ന രാഹുൽ മഠവും, മസ്ജിദും, പള്ളിയും സന്ദർശിക്കുന്നു. പിന്നാക്ക വോട്ടുകൾക്കൊപ്പം മുന്നാക്ക സമുദായത്തിന്‍റെ പിന്തുണയും ഉറപ്പാക്കാനാണ് ശ്രമം.