ഭാരത് ജോഡോ യാത്ര ചരിത്രമാകുമെന്ന് എ.കെ ആന്റണി
രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ചരിത്ര സംഭവമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. യാത്ര ഉയര്‍ത്തുന്നത് ഐക്യത്തിന്റെ സന്ദേശം ആണ്. രാജ്യത്തിന്റെ പൊതു മനസ് രാഹുല്‍ ഗാന്ധിയുടെ സന്ദേശത്തോട് യോജിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജ്യത്ത് വർദ്ധിച്ചുവരുന്ന അസമത്വത്തിനെതിരെയാണെന്നും കോർപ്പറേറ്റുകൾ അവരുടെ എല്ലാ സമ്പത്തും കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് കാരണമാകുമെന്ന് ജയറാം രമേശ് പറഞ്ഞു. ‘ഭാരത് ജോഡോ യാത്ര’ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ്. ഒരുപാട് ദൂരം സഞ്ചരിക്കേണ്ടുന്ന പദയാത്രയാണിത്. ടൊയോട്ടയിലോ ഹ്യുണ്ടായിയിലോ ഇന്നോവയിലോ അല്ല ഞങ്ങൾ യാത്ര ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 180 ഓളം കോണ്‍ഗ്രസ് പ്രവർത്തകർ കാൽനടയായി മാർച്ച് നടത്തി. കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ ഇതിനകം തന്നെ ആശങ്കാകുലരാണെന്നും ജയറാം രമേശ് പറഞ്ഞു. 150 ദിവസം കൊണ്ട് 3,500 കിലോമീറ്റര്‍ ദൂരമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര പിന്നിടുന്നത്. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7.30 വരെയും രാഹുൽ ഗാന്ധിയും സംഘവും പദയാത്ര നടത്തും. ദിവസം 25 കിലോമീറ്റർ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര എത്തും.