ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ നാടുകാണിയിലെത്തി. കേരള അതിർത്തിയായ വഴിക്കടവിനടുത്തുള്ള മണിമുളിയിലാണ് സമാപന ചടങ്ങ് നടന്നത്. രാവിലെ ചുങ്കത്തറയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. അതിരാവിലെ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടി. ജാഥ കേരളത്തിലൂടെ 425 കിലോമീറ്റർ സഞ്ചരിച്ചു.

കേരളത്തിലെ പ്രവർത്തകർക്കും അനുഭാവികൾക്കും ആവേശകരമായിരുന്നു ഈ പര്യടനം. ഉമ്മൻചാണ്ടി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ നേതാക്കളും കേരള അതിർത്തിയിൽ യാത്രയയപ്പ് നൽകാൻ എത്തിയിരുന്നു. നാടുകാണിയിൽ നിന്ന് ഗൂഡല്ലൂരിലേക്കുള്ള യാത്ര പൂർത്തിയാക്കിയ ശേഷം നാളെ യാത്ര കർണാടകയിൽ പ്രവേശിക്കും.

കന്യാകുമാരി മുതൽ കശ്മീർ വരെ 3571 കിലോമീറ്റർ ദൂരം രാഹുൽ ഗാന്ധി സഞ്ചരിക്കും. ആറു മാസത്തിനുള്ളിൽ പദയാത്ര പൂർത്തിയാകും. എ.ഐ.സി.സി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പും യാത്രയ്ക്കിടെ നടക്കും.