ഭരത്പൂര്‍ ഇനി ജില്ല ; 21 വര്‍ഷങ്ങള്‍ക്കുശേഷം രാംശങ്കർ ഗുപ്ത താടി വടിച്ചു

റായ്പുര്‍: മനേന്ദ്രഗഡ് ചിർമിരി ഭരത്പൂരിനെ സംസ്ഥാന സർക്കാർ ഛത്തീസ്ഗഡിലെ 32-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചു. അങ്ങനെ പുതിയ ജില്ലയ്ക്കായി പോരാടിയവരിൽ അവശേഷിക്കുന്ന ഒരേയൊരു വ്യക്തി 21 വർഷങ്ങൾക്ക് ശേഷം തന്‍റെ താടി വടിച്ചു. 2001ലാണ് പുതിയ ജില്ല നിലവിൽ വന്നാൽ മാത്രമേ താടി വടിക്കുകയുള്ളൂവെന്ന് രാംശങ്കർ ഗുപ്ത പ്രതിജ്ഞയെടുത്തത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജില്ല പ്രഖ്യാപിച്ചെങ്കിലും ഉദ്ഘാടനത്തിന് ശേഷം മാത്രം താടി വടിക്കാനുള്ള തീരുമാനത്തിൽ രാംശങ്കർ ഗുപ്ത ഉറച്ചുനിന്നു. വെള്ളിയാഴ്ച ഓച്ചുവിൽ അത് സംഭവിച്ചു. ജില്ലയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം തന്‍റെ നീണ്ട താടി നീക്കം ചെയ്തു.

“40 വർഷമായി ഈ പോരാട്ടം തുടങ്ങിയിട്ട്. ഒരുപക്ഷേ, ജില്ല യാഥാർത്ഥ്യമായില്ലായിരുന്നുവെങ്കിൽ, ഒരിക്കലും താടി വടിക്കില്ലായിരുന്നു. വാസ്തവത്തിൽ, ഈ പോരാട്ടം നടത്തിയവർ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല,” ഗുപ്ത പറഞ്ഞു. ദീർഘകാലത്തെ ആവശ്യം നിറവേറ്റിയതിന് സർക്കാരിനും മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനും ഗുപ്ത നന്ദി പറഞ്ഞു.