ബിഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മഹാസഖ്യത്തിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സാമൂഹിക നീതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കുന്നതെന്നാണ് വിവരം. ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉള്‍പ്പെടെയുള്ള തേജസ്വി യാദവിന്റെ വാഗ്ദാനങ്ങളും സൗജന്യ വൈദ്യുതി, സബ്സിഡിയുള്ള ഗ്യാസ് സിലിന്‍ഡറുകള്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളും ചേർത്തായിരിക്കും പ്രകടനപത്രിക.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവും തിരഞ്ഞെടുപ്പ് ക്യാമ്പയിനിടെ ആദ്യമായി വേദി പങ്കിടുന്ന റാലി ബുധനാഴ്ചയാണ് നടക്കുന്നത്. ഇതിന് തൊട്ടുതലേന്ന് മഹാസഖ്യം പ്രകടനപത്രിക പുറത്തിറക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ബുധനാഴ്ച മുസഫര്‍പുരിലും ദര്‍ഭംഗയിലും നടക്കുന്ന സംയുക്ത റാലികളെയാണ് തേജസ്വിയും രാഹുലും അഭിസംബോധന ചെയ്യുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തേക്കും.
ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം സംബന്ധിച്ച് എന്‍ഡിഎ ചോദ്യമുയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ പങ്കെടുക്കുന്ന റാലി മഹാസഖ്യത്തിന്റെ ശക്തിപ്രകടനംകൂടിയാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിഹാറിലെ 243 സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ ആറിനും 11-നും തിരഞ്ഞെടുപ്പും 14-ന് വോട്ടെണ്ണലുമാണ്. ആര്‍ജെഡി 143 സീറ്റുകളിലും കോണ്‍ഗ്രസ് 61 സീറ്റുകളിലുമാണ് മത്സരിക്കുക. ബാക്കിയുള്ള സീറ്റുകള്‍ സിപിഐ(എംഎല്), മുകേഷ് സാഹ്നിയുടെ വിഐപി, മറ്റ് സഖ്യകക്ഷികള്‍ എന്നിവര്‍ക്കിടയില്‍ വിഭജിച്ചിട്ടുണ്ട്.
