ബിഹാറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടാം വിവാഹത്തിന് അനുമതി വാങ്ങണം

പട്‌ന: ബിഹാറില്‍ പുനർവിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. എല്ലാ ജീവനക്കാരും വിവാഹിതരാണോ അല്ലയോ എന്ന് അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഒരിക്കല്‍ വിവാഹം കഴിച്ചവര്‍ വീണ്ടും വിവാഹം കഴിക്കാനാഗ്രഹിക്കുകയാണെങ്കില്‍ അതിന് വകുപ്പില്‍ നിന്ന് അനുമതി വാങ്ങണം.

ആദ്യ വിവാഹം നിയമപരമായി വേർപെടുത്തണം. ഇതിന്‍റെ രേഖ ഹാജരാക്കിയ ശേഷമേ പുനർവിവാഹത്തിന് അനുമതി നൽകൂ. അപേക്ഷ സമർപ്പിച്ച വ്യക്തിയുടെ മുൻ പങ്കാളി എന്തെങ്കിലും എതിർപ്പ് ഉന്നയിച്ചാൽ പുനർവിവാഹം അനുവദിക്കില്ല. സേവനത്തിലായിരിക്കെ വ്യക്തി മരിക്കുകയാണെങ്കിൽ, അനുവാദം വാങ്ങാതെ പുനർവിവാഹം ചെയ്താൽ, രണ്ടാമത്തെ ഭാര്യക്ക് / ഭർത്താവിൻ അവരുടെ കുട്ടികൾക്കായി ആശ്രിത നിയമനത്തിന് അർഹത ഉണ്ടായിരിക്കില്ല.

ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്ട്രേറ്റുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, ഡി.ജി.പി (ഹോം ഗാർഡ്), ജയിൽ ജി.ഡി.പി, ബന്ധപ്പെട്ട മറ്റ് വകുപ്പ് മേധാവികൾ എന്നിവർക്ക് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകർപ്പുകൾ അയച്ചിട്ടുണ്ട്. തങ്ങളുടെ അധികാരപരിധിയിൽ വരുന്ന ഇത്തരം കേസുകളിൽ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.