ബില്‍ക്കീസ് ബാനു കേസ്; ബലാത്സംഗക്കേസ് പ്രതികളോട് ബിജെപിക്ക് രണ്ട് നിലപാട്

ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് പ്രതികളെ മോചിപ്പിക്കുന്ന വിഷയത്തില്‍ ബി.ജെ.പിക്ക് രണ്ട് നിലപാട്. ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെയും മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ ഇരട്ടത്താപ്പ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 11 പ്രതികളും ഇന്ന് ജയിൽ മോചിതരായി. ഗുജറാത്തും കേന്ദ്രവും ഭരിക്കുന്നത് ബി.ജെ.പിയാണ്. 1992ലെ ഗുജറാത്ത് സർക്കാരിന്റെ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഈ തീരുമാനമെടുത്തത്.

2002 മാർച്ച് 3ന് ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനു ആക്രമിക്കപ്പെട്ടത്. കലാപം പടരുന്നു എന്നറിഞ്ഞപ്പോൾ ബില്‍ക്കീസും കുടുംബവും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. അഹമ്മദാബാദിനടുത്തുള്ള വയലിൽ വെച്ചാണ് സംഘം ആക്രമിക്കപ്പെട്ടത്. ബില്‍ക്കീസിനെയും സംഘത്തിലെ മറ്റ് സ്ത്രീകളെയും അവരുടെ ബന്ധുക്കളുടെ മുന്നിൽ വച്ച് അക്രമികൾ ബലാത്സംഗം ചെയ്തു. ബോധം നഷ്ടപ്പെടുന്നതുവരെ പീഡിപ്പിച്ചു. ബിൽക്കീസ് ബാനുവിന് അന്ന് 21 വയസ്സായിരുന്നു പ്രായം. അഞ്ച് മാസം ഗര്‍ഭിണിയും.