ബിൽക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ചത് ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെ ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ 11 പ്രതികൾ 14 വർഷം ജയിൽവാസം പൂർത്തിയാക്കിയെന്നും അവരുടെ ജയിൽവാസം മാതൃകാപരമായിരുന്നുവെന്നും ഗുജറാത്ത് സർക്കാർ പറഞ്ഞു.
ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെയും ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച മൂന്ന് ഹർജികൾ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ഗുജറാത്ത് സർക്കാർ അവരുടെ മോചനത്തെ ന്യായീകരിച്ചത്.
ഈ വർഷം ജൂലൈ 22ന് 11 പ്രതികളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ രേഖാമൂലം അനുമതി നൽകിയതായി ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ബിൽക്കീസ് ബാനു എന്ന സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ വിട്ടയച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.