ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ചീഫ് ജസ്റ്റിസിന് നിവേദനം

ബെംഗളൂരു: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ കർണാടകയിലെ ജനങ്ങൾ ചീഫ് ജസ്റ്റിസിന് നിവേദനം അയച്ചു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേർ ഒപ്പിട്ട നിവേദനം ചീഫ് ജസ്റ്റിസിന് കൈമാറി.

അടുത്തിടെയാണ് ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകിയത്. കർണാടകയിലെ ജനങ്ങൾ ഈ വിധിക്കെതിരെയാണ് രംഗത്തു വന്നത്. പ്രതികളുടെ ഇളവ് നീക്കം ചെയ്യണമെന്നും ബിൽക്കീസ് ബാനുവിന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ ഉറപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാഗ്സസെ അവാർഡ് ജേതാവ് സന്ദീപ് പാണ്ഡെയുടെ നേതൃത്വത്തിൽ ആക്ടിവിസ്റ്റുകള്‍ ഗുജറാത്തില്‍ നടത്തിയ പദയാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കർണാടകയിലെ ജനങ്ങളുടെ ഒപ്പുശേഖരണ ക്യാമ്പെയിന്‍. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 4 വരെയാണ് പദയാത്ര സംഘടിപ്പിച്ചത്.