ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസിന്‍റെ വാദം കേൾക്കലിനിടെ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും കോടതി നോട്ടീസ് അയച്ചിരുന്നു. 11 പ്രതികളെയും കേസിന്‍റെ ഭാഗമാക്കാനും നിർദേശം നൽകി. സി.പി.ഐ.എം നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലാൽ, സാമൂഹിക പ്രവർത്തകർ രൂപ് രേഖ റാണി തുടങ്ങിയവരാണ് ഹർജിക്കാർ. ഈ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഗുജറാത്ത് സർക്കാർ 15 വർഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് വിട്ടയച്ചിരുന്നു. കൂട്ടബലാത്സംഗക്കേസിലെ ഇര ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതികളെ വിട്ടയച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടപ്പെട്ടതായി തന്‍റെ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെടണം. സ്വാതന്ത്ര്യ ദിനത്തിലെ സർക്കാരിന്റെ തീരുമാനം 20 വർഷം മുമ്പുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നതായി അവർ പറഞ്ഞു.