പ്രതികളെ വിട്ടയച്ച സർക്കാർ നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി
ന്യൂഡൽഹി: തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനോട് അപ്പീൽ വേഗത്തിൽ കേൾക്കാമോ എന്ന് ബിൽക്കിസ് ബാനുവിന്‍റെ അഭിഭാഷകൻ ചോദിച്ചു. പ്രതികളെ മോചിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ ബിൽക്കിസ് ബാനു പുനഃപരിശോധനാ ഹർജിയും നൽകി.
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ നിരവധി ഹർജികൾ സുപ്രീം കോടതിയിൽ നിലവിലുണ്ട്. ഇതിനിടെയാണ് ബിൽക്കിസ് ബാനു നേരിട്ട് കോടതിയെ സമീപിച്ചത്. കേസിന്‍റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും, ഗുജറാത്തല്ല മഹാരാഷ്ട്രയാണ് പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ബിൽക്കിസ് ബാനു ഹർജിയിൽ പറയുന്നു. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളെ ഓഗസ്റ്റ് 15നാണ് ഹർജി പരിഗണിച്ച് വിട്ടയച്ചത്. എന്നാൽ ഗുജറാത്ത് സർക്കാരിന്റെ ഈ നീക്കം രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.