ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസ്; പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡല്‍ഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. സി.പി.എം നേതാവ് സുഭാഷിണി അലി ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എൻ വി രമണ അംഗീകരിച്ചു. ഹർജി നാളെ പരിഗണിക്കാനാണ് സാധ്യത. അലിയെ കൂടാതെ ലോക്സഭാംഗം മഹുവ മൊയ്ത്ര, മാധ്യമ പ്രവർത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അപർണ ഭട്ട് എന്നിവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 14 പേരെ കൊലപ്പെടുത്തിയ കേസിലും ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളായ 11 പേരെയാണ് ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചതെന്ന് കപിൽ സിബൽ കോടതിയെ അറിയിച്ചു.