ഗവർണർക്കെതിരെ ബില്ലിന് സാധ്യത; ഡിസംബറില്‍ സഭാസമ്മേളനം വിളിച്ചേക്കും

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പാസാക്കാൻ സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിക്കും. ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് സർക്കാർ ആലോചിക്കുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാർശ ചെയ്യും.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി സർവകലാശാലകളിലെ ഇടപെടലുകൾക്ക് ശാശ്വത പരിഹാരം കാണാനുള്ള രാഷ്ട്രീയ തീരുമാനം സി.പി.എം നേരത്തെ എടുത്തിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തിൽ പച്ചക്കൊടി കാട്ടിയതോടെ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.

എന്നാൽ സഭ പാസാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. ഒപ്പിട്ടില്ലെങ്കിൽ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ചും സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഗവർണർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭരണഘടനാ വിദഗ്ധനായ ഫാലി എസ്.നരിമാൻ ഉൾപ്പെടെയുള്ളവരുടെ ഉപദേശം തേടുകയാണ് സർക്കാർ.