വിസി നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബിൽ നിയമസഭയിൽ

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ‘യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022’ നിയമസഭയിൽ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ബിൽ അവതരിപ്പിച്ചത്. ബിൽ യു.ജി.സി ചട്ടങ്ങൾക്ക് എതിരാണെന്നും ചാൻസലറുടെ അധികാരം പരിമിതപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു.

സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ ഗവർണർ കടുത്ത വിമർശനം ഉന്നയിക്കുന്നത് പതിവാക്കിയതോടെയാണ് നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. ബില്ലിൽ ഒപ്പിടില്ലെന്ന് ഇന്നലെ ഗവർണറുടെ ഭാഗത്തുനിന്നും സൂചനകളുണ്ടായിരുന്നു. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ അത് നിയമമാകില്ല.

ബിൽ യുജിസി ചട്ടങ്ങൾക്ക് എതിരല്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. 2018 ലെ യുജിസി ചട്ടമനുസരിച്ച്, സെർച്ച് കമ്മിറ്റിയിൽ ആരെന്നോ എത്ര അംഗങ്ങളാണെന്നോ വ്യക്തമാക്കിയിട്ടില്ല. സേർച്ച് കം സെലക്‌ഷൻ കമ്മിറ്റിയാണ് രൂപീകരിച്ചത്. ചാൻസലറുടെ പ്രതിനിധിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ചാൻസലറുടെ വിവേചനാധികാരം കുറയ്ക്കുന്നില്ല. സെർച്ച് കമ്മിറ്റി അംഗങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരായിരിക്കണമെന്നും സർവകലാശാലയുമായോ കോളജുകളുമായോ ബന്ധമില്ലാത്തവരുമാകണം എന്നും മാത്രമാണ് യുജിസി ചട്ടങ്ങളിൽ പറയുന്നത്.