ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ബില്‍ രാജ്ഭവനിലെത്തി

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല (ഭേദഗതി) ബിൽ രാജ്ഭവനിലെത്തി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ 9 ദിവസത്തിന് ശേഷം ഇന്നാണ് ഗവർണർക്ക് അയച്ചത്. പതിനാല് സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ളതാണ് ബിൽ. രാജ്ഭവൻ ബില്ലിന്‍റെ വിശദമായ പരിശോധന നടത്തും.

ചാൻസലർ നിയമനത്തിനായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാൽ മാത്രമേ അത് നിയമമാകൂ.

നിലവിൽ ഗവർണർ സംസ്ഥാനത്തിന് പുറത്താണ്. 2ന് മാത്രമേ അദ്ദേഹം രാജ്ഭവനിലേക്ക് മടങ്ങൂ. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ കൂടുതൽ നിയമോപദേശം തേടുകയോ ചെയ്യാം. അല്ലെങ്കിൽ ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുക്കാതെ ബിൽ രാജ്ഭവനിൽ സൂക്ഷിക്കാം.