സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് പൂർണമായി നടപ്പാക്കാനായില്ല; സാങ്കേതിക പ്രശ്നങ്ങൾ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കാൻ കഴിഞ്ഞില്ല. ഇന്ന് മുതൽ ഇത് നടപ്പാക്കാനായിരുന്നു ശ്രമമെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. ഹാജർ സാലറി സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂർത്തിയായിട്ടില്ല. ഇത് പൂർണ്ണമായും നടപ്പാക്കാൻ ഒരു മാസമെടുക്കുമെന്ന് കരുതപ്പെടുന്നു.
2023 ജനുവരി 1 മുതൽ പഞ്ചിംഗ് നിർബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവ് ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ അവധിയായതിനാൽ ഇന്ന് മുതൽ പഞ്ചിംഗ് നടപ്പാക്കാനായിരുന്നു ശ്രമം. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് നിർദ്ദേശം. എല്ലാ ഓഫീസുകളിലും യന്ത്രം സ്ഥാപിച്ചിരുന്നെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. മാർച്ച് 31ന് മുമ്പ് മറ്റ് സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
വിരലിലെണ്ണാവുന്ന ഓഫീസുകളിൽ മാത്രമേ ബയോമെട്രിക് പഞ്ചിംഗ് ഇന്ന് ആരംഭിക്കാൻ കഴിഞ്ഞുള്ളു. എറണാകുളം കളക്ടറേറ്റിൽ 16 ഉപകരണങ്ങൾ ആവശ്യമായിരുന്നു. ഇവയുടെ ഇൻസ്റ്റലേഷൻ പൂർത്തിയായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തൃശൂർ കളക്ടറേറ്റിലെ ഇൻസ്റ്റലേഷൻ ജോലികൾ പൂർത്തിയാക്കാൻ കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് വിശദീകരണം.