ആകാശ എയര്‍ വിമാനത്തില്‍ പക്ഷിയിടിച്ചു; മുന്‍ഭാഗത്തിന് തകരാര്‍

ഗാന്ധിനഗര്‍: അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ആകാശ എയർ വിമാനം പക്ഷിയുമായി കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെ വിമാനം ഉയർന്ന് പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പക്ഷിയുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്തിന്‍റെ മുൻഭാഗം തകരാറിലായതൊഴിച്ചാൽ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല.

ഡൽഹി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം 1,900 അടി ഉയരത്തിൽ ഒരു പക്ഷിയുമായി കൂട്ടിയിടിച്ചതായും വിമാനത്തിന്‍റെ മുൻഭാഗം തകർന്നതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിഡിസിഎ) അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരെ പുറത്തിറക്കിയതായും ഡിഡിസിഎ അറിയിച്ചു.

വിശദമായ തുടർ പരിശോധനയ്ക്കായി വിമാനം ഡൽഹിയിൽ തുടരുകയാണെന്ന് ആകാശ എയർ വക്താവ് പറഞ്ഞു. 2022 ഓഗസ്റ്റിൽ സാധാരണക്കാർക്ക് മിതമായ നിരക്കിൽ വിമാനയാത്ര സാധ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ആകാശ എയർ ആരംഭിച്ചത്.