മരം മുറിക്കുന്നതിനിടെ പക്ഷികൾ ചത്ത സംഭവം: 3 പേർ റിമാൻഡിൽ

മ‍ഞ്ചേരി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി എആർ നഗറിലെ വി.കെ പടിയിൽ മരം മുറിക്കുന്നതിനിടെ പക്ഷികൾ ചത്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രജക് (22), തമിഴ്നാട് സേലം സ്വദേശി മഹാലിംഗം (32), സൂപ്പർവൈസർ കോയമ്പത്തൂർ സ്വദേശി എൻ മുത്തുകുമാരൻ (39) എന്നിവരെ മെയ് 17 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ചത്ത പക്ഷികളെയും ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇവയെ സംസ്കരിക്കാൻ എടവണ്ണ റേഞ്ച് ഓഫീസർക്ക് കോടതി നിർദേശം നൽകി.

കേസിൽ ഒളിവിൽ കഴിയുന്ന റോഡ് കൺസ്ട്രക്ഷൻ എഞ്ചിനീയറായ തെലങ്കാനയിലെ വാറങ്കൽ പട്ടൈപാക സ്വദേശി നാഗരാജുവിനായി വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. എടവണ്ണ റേഞ്ചിലെ കൊടുംപുഴ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ഇതുവരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.