വിവാദ പരാമർശനത്തിന് മനീഷ് സിസോദിയ മാപ്പ് പറയണമെന്ന് ബി.ജെ.പി

ന്യൂഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കടന്നാക്രമിച്ച് ബി.ജെ.പി. മദ്യനയ കേസില്‍ ചോദ്യം ചെയ്ത സിബിഐ ഉദ്യോഗസ്ഥര്‍ പാർട്ടി വിടാൻ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ സിസോദിയ ഇന്ന് 5 മണിക്കകം മാപ്പ് പറയണമെന്നും നുണ പരിശോധനയ്ക്കും നാർകോ ടെസ്റ്റിനും വിധേയനാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. മദ്യനയ കേസുമായി ബന്ധപ്പെട്ട് സിസോദിയയെ ഇന്നലെ ഒമ്പത് മണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

രാവിലെ 11.30ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയ സിസോദിയ രാത്രി 9 മണിയോടെയാണ് മടങ്ങിയത്. തന്നെ അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐയുടെ നീക്കമെന്ന് സിസോദിയ പറഞ്ഞു. മദ്യനയ കേസിൽ അഴിമതി കണ്ടെത്താൻ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല. ഡൽഹിയിൽ ഓപ്പറേഷൻ ലോട്ടസ് നടത്താനാണ് ശ്രമിക്കുന്നതെന്ന് സി.ബി.ഐയുടെ ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വ്യക്തമായതായി മനീഷ് സിസോദിയ പറഞ്ഞു.

സിസോദിയയോട് ഇതുവരെ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഐ പ്രതികരിച്ചു. സിസോദിയ നൽകിയ മറുപടി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഏജൻസി അറിയിച്ചു. ഗുജറാത്തിലെ പരാജയഭീതിയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി വേട്ടയാടുകയാണെന്ന് എ.എ.പി ആരോപിച്ചു.