രാമന്റെയും ഹനുമാന്റെയും പേറ്റന്റ് ബിജെപിക്കല്ലെന്ന് ഉമാ ഭാരതി

ഭോപാൽ: ശ്രീരാമന്‍റെയും ഹനുമാന്‍റെയും പേറ്റന്‍റ് ബിജെപിക്കല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാഭാരതി. ബി.ജെ.പിയുടെ തീപ്പൊരി നേതാവും അയോധ്യയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ പ്രധാന നേതാക്കളിൽ ഒരാളുമായ ഉമാഭാരതി ചിന്ദ്വാരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

“ശ്രീരാമനോടും ഹനുമാനോടുമുള്ള ഭക്തി ബി.ജെ.പിയുടെ പകർപ്പവകാശമല്ല. ബി.ജെ.പിയും ജനസംഘവും ഇല്ലാതിരുന്നപ്പോഴും ശ്രീരാമനും ഹനുമാനും ഉണ്ടായിരുന്നു. മുഗളരും ബ്രിട്ടീഷുകാരും ഭരിച്ചപ്പോഴും ശ്രീരാമനും ഹനുമാനും ഉണ്ടായിരുന്നു,” ഭാരതി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ആണ് ഛിന്ദ്വാരയിലെ സെമരിയയിൽ ക്ഷേത്രത്തിൽ ഹനുമാന്റെ 101 അടി പ്രതിമ സ്ഥാപിച്ചത് എന്ന ചോദ്യത്തോടായിരുന്നു ഉമയുടെ മറുപടി. 1980 മുതൽ 2018 വരെ കമൽനാഥിന്‍റെ മണ്ഡലമായ ചിന്ദ്വാരയിലാണ് പ്രതിമ സ്ഥാപിച്ചത്.

“ദൈവത്തോട് പ്രാർത്ഥിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. രാമക്ഷേത്ര നിർമ്മാണത്തിനായി കോൺഗ്രസിൽ നിന്ന് ആളുകൾ പണം നൽകിയപ്പോൾ ചില ബി.ജെ.പിക്കാർ അതിനെ പരിഹസിച്ചു. അന്ന് ഞാനും അതിനെതിരെ പ്രതിഷേധിച്ചു”. രാമഭക്തരെ കളിയാക്കാൻ ആർക്കും അവകാശമില്ലെന്നും അവർ കൂട്ടിച്ചേർത്തു.