തമിഴ്‌നാട്ടില്‍ ബിജെപി നേതാവിന്റെ കൊലപാതകം; മലയാളിയുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി പ്രാദേശിക നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളി ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘം അറസ്റ്റിൽ. കാളികണ്ണനെ (52) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കോട്ടയം സ്വദേശി ടി അരുണ്‍ തിരുപ്പത്തൂര്‍ സ്വദേശികളായ എസ്. ഹരി വിഘ്‌നേശ് (24), വി. അരുണ്‍കുമാര്‍ (25), ആന്ധ്രാപ്രദേശിലെ കുപ്പം സ്വദേശി മണികണ്ഠൻ (22), ആനന്ദ് (22), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്.

ഹരി വിഘ്നേഷും കാളികണ്ണനും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അരുൺ ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘത്തിന്‍റെ സഹായത്തോടെ ഹരിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസമാണ് കൃഷ്ണഗിരി ജില്ലയിലെ ഊതങ്കരയിൽ കാളികണ്ണനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ഒരു മാസമായി വീട്ടിൽ പോകാതിരുന്ന കാളികണ്ണൻ തിരുപ്പത്തൂരിലെ ഗോഡൗണിലായിരുന്നു താമസം.

ഹരിയും ക്വട്ടേഷൻ സംഘവും കാളികണ്ണനെ ഗോഡൗണിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.