ഉത്തരാഖണ്ഡിൽ വെടിവെപ്പിൽ ബിജെപി നേതാവിന്റെ ഭാര്യ മരിച്ചു

റാഞ്ചി: 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച പ്രതിയെ പിടികൂടാൻ ഉത്തരാഖണ്ഡിലെത്തിയ ഉത്തർപ്രദേശ് പോലീസ് നാട്ടുകാരുമായി ഏറ്റുമുട്ടി. തുടർന്നുണ്ടായ വെടിവെപ്പിൽ പ്രാദേശിക ബി.ജെ.പി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടു. വെടിവെപ്പ് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതികളെ പിടികൂടാനുള്ള യുപി പോലീസിന്‍റെ ഓപ്പറേഷനെക്കുറിച്ച് ലോക്കൽ പോലീസിന് ഒരു വിവരവും ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

റെയ്ഡിനിടെ ബിജെപി നേതാവും ജസ്പൂർ ബ്ലോക്ക് തലവനുമായ ഗുർതാജ് ഭുല്ലറിന്‍റെ കുടുംബവും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതരായ ഗ്രാമീണർ പോലീസിനെ വളഞ്ഞതോടെ ഇരുവശത്തുനിന്നും വെടിവയ്പുണ്ടായി.

ഭുല്ലറിന്‍റെ ഭാര്യ ഗുർപ്രീത് കൗറിനും വെടിയേറ്റു. അവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൗറിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് പ്രകോപിതരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പിൽ മൂന്ന് പോലീസുകാർക്ക് വെടിയേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും യുപി പോലീസ് അറിയിച്ചു.