ബിജെപി നേതാക്കൾ വിദ്വേഷപ്രസം​ഗം നടത്തും, മോദി മൗനം പാലിക്കുന്നു: രൂക്ഷവിമർശനവുമായി ഒവൈസി

ഡൽഹി: ബിജെപി നേതാക്കൾ പരസ്യമായി വിദ്വേഷ പ്രസംഗങ്ങൾ നടത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. ബി.ജെ.പി എം.പി പർവേഷ് സാഹിബ് സിംഗ് വർമ്മയുടെ വിദ്വേഷ പ്രസംഗത്തെ പരാമർശിച്ചായിരുന്നു ഒവൈസിയുടെ പരാമർശം. പർവേഷ് സാഹിബ് സിംഗ് വർമ്മ ഇന്നലെ ഡൽഹിയിൽ നടത്തിയ പൊതു പ്രസംഗത്തിൽ മുസ്ലിം സമുദായത്തെ പൂർണമായും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തെന്നാണ് ആരോപണം.

“പാർലമെന്റിലെ കിംവദന്തികൾ പ്രകാരം ഈ ബിജെപി എംപി  പ്രധാനമന്ത്രിയോട് ഏറ്റവും അടുത്തയാളാണ്. പ്രധാനമന്ത്രിയിൽ നിന്നുള്ള വലിയ അനുഗ്രഹങ്ങളും ആത്മവിശ്വാസവും  ആസ്വദിക്കാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. അതിനാലാണ് തനിക്ക് പറയാനുള്ളത് പറയാൻ അദ്ദേഹം ധൈര്യപ്പെട്ടത്.”  ഒവൈസി പറഞ്ഞു. “അദ്ദേഹത്തിന്  വോട്ട് ചെയ്തവരുടെയോ വിദ്വേഷജനകമായ ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്നവരുടെയോ മാത്രമല്ല, നരേന്ദ്ര മോദി എല്ലാവരുടെയും പ്രധാനമന്ത്രിയാണ്.  പക്ഷേ, നിർഭാഗ്യവശാൽ, പ്രധാനമന്ത്രി സംസാരിക്കില്ല. മറ്റുള്ളവർ സംസാരിക്കും. പക്ഷേ അത് ജനങ്ങളിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ല”, ഒവൈസി പറഞ്ഞു. 
 
പർവേഷ് സാഹിബ് സിംഗ് വർമ്മ കഴിഞ്ഞ ദിവസം തന്‍റെ അനുയായികളോട് ഒരു സമുദായത്തെ പൂർണമായി ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടിരുന്നു.  അവർ അത് സമ്മതമാണ് എന്ന് മറുപടി നൽകി. “അവരുടെ തല നന്നാക്കണമെങ്കിൽ, അവരെ നേരെയാക്കണമെങ്കിൽ, എവിടെ കണ്ടാലും സമ്പൂർണ്ണ ബഹിഷ്കരണമാണ് ഏക പ്രതിവിധി. നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ കൈ ഉയർത്തു,” ഡൽഹിയിൽ ഒരു പരിപാടിയിൽ ബിജെപി എംപി പറഞ്ഞു.