പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി ബിജെപി

ദില്ലി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പല സംസ്ഥാനങ്ങളിലെയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുണ് സിംഗ് പറഞ്ഞു. നടപടി ധീരമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളെ മുഷ്ടി ചുരുട്ടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയെ നിരോധിക്കണമെന്ന് അസം സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നിരോധനത്തെ അഭിനന്ദിച്ചു. നിരോധനം ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണെന്നും ഇടതുപാർട്ടികളും കോൺഗ്രസും നിരോധനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനൊപ്പം എട്ട് അനുബന്ധ സംഘടനകളെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതികരണം. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എല്ലാ സംഘടനകൾക്കും അഞ്ച് വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷയും ക്രമസമാധാന നിലയും കണക്കിലെടുത്താണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതെന്ന് കേന്ദ്രം ഉത്തരവിൽ പറയുന്നു. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു.