ഡൽഹിയിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി

ന്യൂഡൽഹി: ഡൽഹിയിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് ബിജെപി മത്സരിക്കും. ആം ആദ്മി പാർട്ടിക്കെതിരെ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഷാലിമാർ ബാഗിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥി രേഖ ഗുപ്തയാണ് മേയർ സ്ഥാനാർത്ഥി. രാം നഗറിൽ നിന്നുള്ള കമൽ ബാഗ്രി ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും.

തലസ്ഥാന നഗരിയിലെ ഒരു പ്രധാന തദ്ദേശ സ്ഥാപനമെന്ന നിലയിൽ മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനും രാഷ്ട്രീയ പ്രസക്തിയുണ്ട്. ജനവിധിയെ മാനിക്കുമെന്നും മത്സരിക്കാനില്ലെന്നും തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ആദേശ് ഗുപ്ത പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആദേശ് ഗുപ്ത രാജിവച്ചു. വീരേന്ദ്ര സച്ച്ദേവയാണ് പുതിയ പ്രസിഡന്‍റ്.

ഓരോ വർഷവും മാറുന്ന തരത്തിലാണ് എം.സി.ഡി മേയർ പദവി. എല്ലാ വർഷവും ആദ്യ യോഗത്തിൽ മേയർ തിരഞ്ഞെടുപ്പ് നടക്കും. ഇത്തവണ മേയർ സ്ഥാനത്തേക്ക് സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. മേയർ സ്ഥാനം അടുത്ത തവണ ജനറൽ വിഭാഗത്തിനും അടുത്ത വർഷം സംവരണ വിഭാഗത്തിനും ആയിരിക്കും. കഴിഞ്ഞ രണ്ട് വർഷം ജനറൽ വിഭാഗത്തിനായിരുന്നു. നേരത്തെ മൂന്നായിരുന്ന കോർപ്പറേഷനുകൾ കേന്ദ്ര സർക്കാർ മെയ് മാസത്തിൽ ലയിപ്പിച്ചതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 134 സീറ്റുകൾ നേടി. 15 വർഷമായി കോർപ്പറേഷനുകൾ ഭരിക്കുന്ന ബിജെപി 104 സീറ്റുകൾ നേടി. ഒമ്പത് സീറ്റുകളാണ് കോൺഗ്രസ് നേടിയത്.