കള്ളപ്പണം വെളുപ്പിക്കൽ; ഡൽഹി ആരോഗ്യമന്ത്രിക്ക് ജാമ്യം നൽകില്ല

ന്യുഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിൻറെ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി തള്ളി. ജൂൺ 9ന് സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിച്ചത്. ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.ബി രാജുവും സത്യേന്ദ്ര ജെയിനിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരിഹരനും ഹാജരായി.

വാദം കേട്ട ശേഷം പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ വിധി പറയാൻ മാറ്റി. കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റം ചുമത്തി മെയ് 30നാണ് ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ ജെയിനിൻറെ കുടുംബത്തിൻറെയും കമ്പനികളുടെയും 4.81 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.

അക്കിൻചാൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡോ മെറ്റൽ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ്, മറ്റ് കമ്പനികൾ എന്നിവയുടെ ആസ്തികൾ ഇതിൽ ഉൾപ്പെടുന്നു. ജെയിൻ ഡൽഹിയിൽ നിരവധി ഷെൽ കമ്പനികൾ തുടങ്ങുകയോ വാങ്ങുകയോ ചെയ്തിട്ടുണ്ടെന്നാണ് ആരോപണം.

കൊൽക്കത്തയിലെ മൂന്ന് ഹവാല ഇടപാടുകാരുടെ 54 ഷെൽ കമ്പനികൾ വഴിയാണ് 16.39 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചത്. പ്രയാസ്, ഇൻഡോ, അക്കിഞ്ചൻ തുടങ്ങിയ കമ്പനികളിൽ ജെയിനിന് ധാരാളം ഓഹരികളുണ്ടായിരുന്നു. 2015ൽ കെജ്രിവാൾ സർക്കാരിൽ മന്ത്രിയായ ശേഷം ജെയിനിൻറെ മുഴുവൻ ഓഹരികളും ഭാര്യയ്ക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്.