ബേപ്പൂര്‍ തീരത്ത് പാറക്കല്ലില്‍ ഇടിച്ച് ബോട്ട് തകർന്നു

കോഴിക്കോട്: ബേപ്പൂർ തീരത്ത് മത്സ്യബന്ധന ബോട്ട് പാറക്കെട്ടിൽ ഇടിച്ച് തകര്‍ന്നു. അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ട് പൂർണ്ണമായും തകർന്നു. ബേപ്പൂർ തീരത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ കടലിലാണ് പാറക്കല്ലിൽ ഇടിച്ച് ബോട്ട് തകർന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

എഞ്ചിൻ തകരാർ കാരണം പിന്നീട് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. കാറ്റിന്‍റെ ദിശയനുസരിച്ച് ബോട്ട് ഒഴുകി ചാലിയത്ത് എത്തിയെങ്കിലും ബോട്ട് തകര്‍ന്നതിനാല്‍ മുങ്ങാൻ തുടങ്ങി. 15 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ബോട്ടിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഉടമയ്ക്ക് വലിയ തുക നഷ്ടപ്പെടും. കൂടാതെ, 20 ഓളം ജീവനക്കാരുടെ ഉപജീവനമാർഗവും തടസ്സപ്പെടും. ഇപ്പോൾ അവരുടെ പ്രതീക്ഷകൾ സർക്കാരിന്റെ കാരുണ്യത്തിലാണ്. സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.