എകെജി സെൻ്ററിലെ ബോംബാക്രമണം; പങ്കില്ലെന്ന് പ്രതിപക്ഷം

കണ്ണൂർ: സി.പി.എമ്മിൻറെ സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൻ്റെ തിരക്കഥ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ്റെതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ. ജയരാജനാണ് അക്രമികൾ കോൺഗ്രസുകാരാണെന്ന് പ്രഖ്യാപിച്ചത്. എ.കെ.ജി സെൻററിന് ചുറ്റും ക്യാമറകളുണ്ട്. ഇതൊന്നും കൂടാതെ എ.കെ.ജി സെൻററിനെ ആക്രമിക്കണമെങ്കിൽ എ.കെ.ജി സെൻററുമായി അടുത്ത പരിചയമുള്ളവർക്ക് മാത്രമേ അതിന് കഴിയൂ. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻറെ പ്രസക്തി കുറയ്ക്കാൻ ജയരാജൻ സ്വന്തമായി എഴുതിയ തിരക്കഥയാണ് ഈ ആക്രമണമെന്നും സുധാകരൻ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയ ദിവസം തന്നെ കോൺഗ്രസ് എകെജി സെൻറർ ആക്രമിച്ചെന്ന് പറഞ്ഞാൽ ബുദ്ധിയുള്ളവർ വിശ്വസിക്കുമോ? ഇത് ചെയ്തയാളെ തിരുവനന്തപുരം നഗരത്തിനുള്ളിലെ പോലീസിനും സി.സി.ടി.വികൾക്കും മുന്നിൽ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ എ.കെ.ജി സെൻററിന് പോലും സുരക്ഷയൊരുക്കാൻ കഴിയാത്ത ആഭ്യന്തരവകുപ്പിൻറെ പരാജയം സി.പി.എം പ്രവർത്തകർ വിലയിരുത്തണം. എ.കെ.ജി സെൻററിന് നേരെയുള്ള ആക്രമണം കോൺഗ്രസിൻ്റെ തലയിൽ കെട്ടിയിടാൻ ജയരാജൻറെ ‘പോട്ടബുദ്ധി’ എന്തുതന്നെയായാലും കേരളം അത് ചവറ്റുകുട്ടയിലിടുമെന്നും സുധാകരൻ പറഞ്ഞു. നിലവിലെ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണിത്. പ്രതികൾ ആരാണെന്ന് പൊലീസ് അന്വേഷിച്ച് വെളിച്ചത്ത് കൊണ്ടുവരട്ടെ. സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിലെ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗുണ്ടകളുടെ സഹായത്തോടെ ഇത്തരം ആക്രമണങ്ങൾ നടത്താനുള്ള സംവിധാനം സി.പി.എമ്മിനുണ്ടെന്നും സുധാകരൻ പറഞ്ഞു.

അതേസമയം കോൺഗ്രസിന് സംഭവത്തിൽ ഒരു പങ്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാർ പ്രതിരോധത്തിലായിരിക്കുമ്പോൾ വിഷയം വഴിതിരിച്ചുവിടാൻ കോൺഗ്രസ് ശ്രമിക്കുമോ? പൊലീസ് അന്വേഷിച്ച് തീരുമാനിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിനെതിരായ ആരോപണം ശരിയല്ല. കോൺഗ്രസ്സ് ആണെന്ന പ്രസ്താവന പോലും നേരത്തെ തയ്യാറാക്കിയതാണെന്നും വിഡി സതീശൻ ആരോപിച്ചു.