അതിർത്തിയിലെ സംഘര്‍ഷം; ഉന്നതതല യോഗം വിളിച്ച് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി ആർ. ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, സംയുക്ത സൈനിക മേധാവി ലഫ്. ജനറല്‍ അനിൽ ചൗധരി എന്നിവരും പങ്കെടുക്കും. തുടർന്ന് രാജ്നാഥ് സിംഗ് പാർലമെന്‍റിൽ പ്രസ്താവന നടത്തിയേക്കും.

വിഷയം കോൺഗ്രസ് പാർലമെന്‍റിൽ ഉന്നയിക്കും. എം പി മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിൽ ചർച്ച ചെയ്ത് കേന്ദ്ര സർക്കാർ രാജ്യത്തിന്‍റെ വിശ്വാസം നേടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഒരു തരത്തിലുമുള്ള ചർച്ചകളിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

ഈ മാസം 9ന് അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യ-ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു രാജ്യങ്ങളിലെയും ഏതാനും സൈനികർക്ക് പരിക്കേറ്റതായി സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. ചൈനീസ് സൈന്യം ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അധികം വൈകാതെ തന്നെ ഇരുപക്ഷവും സംഘർഷ മേഖലയിൽ നിന്ന് പിൻവാങ്ങിയിരുന്നു.