ഗുജറാത്തിൽ അരവിന്ദ് കെജ്രിവാളിന് നേരെ കുപ്പിയേറ്

ഗുജറാത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ കുപ്പിയേറ്. രാജ്കോട്ടിൽ നവരാത്രി ആഘോഷത്തിനിടെയാണ് സംഭവം. ഖോദൽധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗർഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രവർത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കുപ്പി എറിഞ്ഞത്.

കെജ്രിവാളിന്‍റെ ദേഹത്ത് പ്ലാസ്റ്റിക് കുപ്പി പതിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് കെജ്രിവാൾ കഴിഞ്ഞ ദിവസമെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല. ആരാണ് കുപ്പി എറിഞ്ഞതെന്ന് വ്യക്തമല്ല.