എറണാകുളത്ത് കാണാതായ സഹോദരങ്ങളില്‍ ആണ്‍കുട്ടിയെ കണ്ടെത്തി

കൊച്ചി: എറണാകുളം അയ്യമ്പള്ളിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളിൽ ഒരാളെ കണ്ടെത്തി. 13 വയസ്സുള്ള ഇളയ കുട്ടിയെയാണ് ഇപ്പോൾ കണ്ടെത്തിയത്. സംസ്ഥാനത്തുടനീളം സഹോദരങ്ങൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. 15 വയസ്സുള്ള സഹോദരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

ബുധനാഴ്ച തിരുവനന്തപുരത്തുടനീളം മുനമ്പം പോലീസ് അന്വേഷണം നടത്തിയിരുന്നു. കുട്ടികൾ തിരുവനന്തപുരത്തുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വിശദമായ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തി എറണാകുളത്ത് എത്തിച്ചത്. ഇളയകുട്ടിയില്‍ നിന്ന് പെൺകുട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഇളയ സഹോദരനെ തിരികെയെത്തിക്കാന്‍ സഹായിച്ചത് പെൺകുട്ടി തന്നെയാണെന്നാണ് പൊലീസ് നിഗമനം. കുട്ടിയിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്‍റെ തുടർനടപടി.