‘ഡാര്‍ളിംഗ്‌സിനും’ ആലിയ ഭട്ടിനുമെതിരെ ബോയ്‌കോട്ട് ക്യാംപെയിന്‍

ആലിയ ഭട്ട് നിര്‍മ്മാതാവും കേന്ദ്ര കഥാപാത്രവുമായ നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ് ഡാർലിംഗ്സ്. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ആലിയ ഭട്ടിനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഡാര്‍ളിംഗിലൂടെ പുരുഷൻമാരുടെ ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാണ് ബഹിഷ്കരണ കാമ്പയിൻ. ബോയ്കോട്ട് ആലിയ ഭട്ട് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആണ്.

ഗാർഹിക പീഡനത്തിന് ഇരയായ ആലിയയുടെ കഥാപാത്രമായ ബദറുന്നിസ തന്‍റെ ഭർത്താവിനെ ഉപദ്രവിക്കുന്നത് ചിത്രത്തിന്‍റെ ട്രെയിലറിൽ കാണാം. ഇതാണ് ബോയ്കോട്ട് കാമ്പയിനിലേക്ക് നയിച്ചത്.

പുരുഷൻമാർ സ്ത്രീകളെപ്പോലെ ഗാർഹിക പീഡനത്തിന് ഇരയാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പുരുഷപീഡനം സിനിമയിലൂടെ ആഘോഷിക്കുന്നത് ശരിയല്ലെന്നാണ് ട്വിറ്ററിലെ ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. ലിംഗ ഭേദമന്യേ പീഡനം അനുഭവിക്കുന്നവരെല്ലാം ഇരകളാണെന്ന് ചിലർ ട്വീറ്റ് ചെയ്തു.