ആഞ്ജലീനയുടെ ആരോപണങ്ങൾക്ക് ബ്രാഡ് പിറ്റ് കോടതിയില്‍ മറുപടി നൽകുമെന്ന് അഭിഭാഷക

നടൻ ബ്രാഡ് പിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ആഞ്ജലീന ജോളി അടുത്തിടെ രംഗത്തെത്തിയിരുന്നു. വിമാനയാത്രയ്ക്കിടെ തന്നെയും മക്കളെയും ആക്രമിച്ചെന്നായിരുന്നു ആരോപണം. ഇപ്പോൾ ബ്രാഡ് പിറ്റിന്‍റെ അഭിഭാഷക ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ആരോപണങ്ങൾക്ക് താരം കോടതിയിൽ മറുപടി നൽകുമെന്ന് അഭിഭാഷക പറഞ്ഞു. 

ബ്രാഡ് പിറ്റ് താൻ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും പക്ഷേ താൻ ചെയ്യാത്തതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നുമാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ബ്രാഡ് പിറ്റ് വ്യക്തിപരമായി അധിക്ഷേപിക്കപ്പെടുകയും മോശമായി ചിത്രീകരിക്കപ്പെടുകയുമാണെന്ന് അഭിഭാഷക പറഞ്ഞു. 

2016 ലെ യാത്രയ്ക്കിടെയുണ്ടായ സംഭവങ്ങൾ വിശദീകരിച്ച് ആഞ്ജലീന കഴിഞ്ഞ ദിവസമാണ് കോടതിയിൽ ഹർജി നൽകിയത്. തന്നെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ആറ് മക്കളിൽ ഒരാളുടെ മുഖത്തടിച്ചെന്നും ഒരാളെ ശ്വാസം മുട്ടിച്ചെന്നുമാണ് നടി പറഞ്ഞത്. ഇതാണ് വിവാഹമോചനത്തിനുള്ള കാരണമെന്നും വ്യക്തമാക്കിയിരുന്നു.