ബ്രസീലും ഫ്രാന്‍സും ലോക കപ്പ് നേടാന്‍ സാധ്യതയേറെയെന്ന് മെസി
ദോഹ: 2022ലെ ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഇത്തവണ കപ്പ് തങ്ങൾക്ക് തന്നെ എന്ന് ഉറപ്പിച്ചിരിക്കുകയാണ് അർജന്‍റീന ആരാധകർ. എന്നാൽ, സൂപ്പർതാരവും ടീമിന്‍റെ ക്യാപ്റ്റനുമായ മെസിയുടെ പ്രവചനം അർജന്‍റീന ആരാധകർക്ക് ഒട്ടും സന്തോഷം പകരുന്നതല്ല. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും മുൻ ചാമ്പ്യൻമാരും ബദ്ധവൈരികളായ ബ്രസീലും ഇത്തവണ കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളെന്നാണ് മെസിയുടെ പ്രവചനം.
പല വലിയ ടീമുകളും ലോകകപ്പിൽ മത്സരിക്കുന്നുണ്ട്. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയിൻ എന്നിവയുൾപ്പെടെയുള്ള ടീമുകൾ ശക്തമാണ്. എന്നാൽ ഇത്തവണ ബ്രസീലും ഫ്രാൻസും ശക്തരാണ്. ഇരു രാജ്യങ്ങൾക്കും മികച്ച ലൈനപ്പുണ്ട്. വളരെക്കാലമായി ഒരുമിച്ച് കളിക്കുന്ന ഒരു കൂട്ടം കളിക്കാരുണ്ടെന്നത് ഇരു ടീമുകളുടെയും പ്രത്യേകതയാണെന്ന് മെസി പറഞ്ഞു.
ഫ്രാൻസ് കിരീടം നിലനിർത്താൻ ഖത്തറിലെത്തുമ്പോൾ 20 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കുകയാണ് ബ്രസീലിന്‍റെ ലക്ഷ്യം. കൊറിയയും ജപ്പാനും സംയുക്തമായി ആതിഥേയത്വം വഹിച്ച 2002 ലോകകപ്പിലാണ് ബ്രസീൽ അവസാനമായി വിജയികളായത്. ഫൈനലിൽ അവർ ജർമ്മനിയെയാണ് തോൽപ്പിച്ചത്. സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നീ ടീമുകൾക്കൊപ്പം ബ്രസീൽ ഗ്രൂപ്പ് ജിയിലാണ് ഇത്തവണ ഇടം നേടിയത്.