കൈക്കൂലി ഗൂഗിൾ പേ വഴി; മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കുടുങ്ങി

തിരുവനന്തപുരം: റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഏജന്റുമാർ വഴി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ജാസൂസിന്റെ പേരിൽ 53 ആർടിഒ-ജെആർടിഒ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം പറഞ്ഞു. വിശദമായ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് കൈമാറും.

കോട്ടയം ആർടി ഓഫീസിലെ ഏജന്റുമാർ 1,20,000 രൂപ ഗൂഗിൾ പേ വഴി ഉദ്യോഗസ്ഥർക്ക് നൽകിയതായും അടിമാലി ആർടി ഓഫീസിലെ ഏജന്റുമാർ ഗൂഗിൾ പേ വഴി 97,000 രൂപ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാർ വഴി ചങ്ങനാശേരി ആർടി ഓഫീസിലെ ഉദ്യോഗസ്ഥൻ 72,200 രൂപയും വിവിധ ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാരിൽ നിന്ന് 15,790 രൂപ കാഞ്ഞിരപ്പള്ളി ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് കണ്ടെത്തൽ.

നെടുമങ്ങാട് ഓട്ടോ കൺസൾട്ടൻസി ഓഫീസിൽ നിന്ന് 1,50,000 രൂപയും കൊണ്ടോട്ടി ആർടി ഓഫീസ് വളപ്പിലെ ഏജന്റിന്റെ കാറിൽ നിന്ന് 1,06,205 രൂപയും ആലപ്പുഴ ആർടി ഓഫീസിനുള്ളിലെ രണ്ട് ഏജന്റുമാരിൽ നിന്ന് 72,412 രൂപയും പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് ജോയിന്റ് ആർ.ടി ഓഫീസിലുണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽ നിന്ന് 38,810 രൂപയും കോട്ടയം ആർ.ടി ഓഫീസിൽ മിന്നൽ പരിശോധനയിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരിൽ നിന്ന് മതിയായ രേഖകളില്ലാതെ 36,050 രൂപയും കണ്ടെടുത്തു.